.comment-link {margin-left:.6em;}

ബ്ലോഗുവാരഫലം (Malayalam blog reviews)

Tuesday, May 17, 2005

ബ്ലോഗുവാരഫലം - 1 (മെയ്‌ 8-14, 2005)

ഉപക്രമം

മലയാളത്തില്‍ ധാരാളം പേര്‍ ബ്ലോഗുന്നതു കാണാന്‍ വളരെ സന്തോഷമുണ്ടു്‌. യൂണിക്കോഡ്‌ ഒരു സ്റ്റാന്‍ഡേര്‍ഡ്‌ ആയി വരുന്നതു കാണാനും സന്തോഷമുണ്ടു്‌. അഞ്ജലി മാത്രം മതിയല്ലോ വായിക്കാന്‍.

യൂണിക്കോഡ്‌ കൂടുതല്‍ ജനപ്രീതി നേടാനുള്ള ശ്രമങ്ങള്‍ നടക്കുന്നു എന്നു്‌ നവബ്ലോഗറായ നിഷാദിന്റെ ബ്ലോഗില്‍ വായിച്ചു. സന്തോഷം. നിഷാദിനെപ്പോലെ തന്നെ, മലയാളത്തിനു വേണ്ടി പ്രയത്നിക്കുന്ന പെരിങ്ങോടന്‍, കെവിന്‍, സിബു, പോള്‍, വിനോദ്‌ തുടങ്ങിയവരോടും മലയാളം ഇന്റര്‍നെറ്റില്‍ വായിക്കുന്നവരെല്ലാം കടപ്പെട്ടിരിക്കുന്നു.

പെരിങ്ങോടനും സിബുവും കൂടി മലയാളം ബ്ലോഗുകളില്‍ പുതിയ അഭിപ്രായങ്ങള്‍ വരുമ്പോള്‍ ഉടന്‍ തന്നെ അറിയാന്‍ ഒരു സംവിധാനമുണ്ടാക്കിയിരിക്കുന്നു. ഇതു സ്വന്തം നാടിന്റെ പേരെഴുതാന്‍ അറിയാവുന്ന എല്ലാവര്‍ക്കും ഉപയോഗിക്കത്തക്കതാണു്‌. എന്റെ എല്ലാ ബ്ലോഗുകളെയും ഞാന്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടിട്ടുണ്ടു്‌. എല്ലാ ബ്ലോഗന്മാരും ബ്ലോഗിനികളും ഇതില്‍ സഹകരിക്കുമെന്നു പ്രതീക്ഷിക്കുന്നു.

ബ്ലോഗ്‌ അഥവാ ബൂലോഗം, ബ്ലോഗ്‌ റോള്‍ അഥവാ ബൂലോകച്ചുരുള്‍, ബ്ലോഗന്‍, ബ്ലോഗിനി, ബ്ലോഗുക തുടങ്ങി ബ്ലോഗുകളെ ചുറ്റിപ്പറ്റി ഉണ്ടായിട്ടുള്ള വാക്കുകളെ മലയാളനിഘണ്ടുവിലേക്കു ചേര്‍ക്കണമെന്നാണു്‌ സുനിലിന്റെ അഭിപ്രായം. ബ്ലോഗുകളിലെ ഉപമകളും മറ്റും ശേഖരിക്കണം എന്നും മൂപ്പര്‍ക്കു്‌ അഭിപ്രായമുണ്ടു്‌. ഇതു മലയാളത്തില്‍ത്തന്നെ വായിക്കണമങ്കില്‍ വിശ്വപ്രഭയുടെ ആദ്യത്തെ അഭിപ്രായം വായിക്കുക.

ഇനി സാഹിത്യരചനകളിലേക്കു കടക്കാം.

കഥകള്‍:

 • അഹിച്ഛത്രത്തിലെ യോദ്ധാവു്‌, മാവിലായിക്കരയിലെ വിശേഷങ്ങള്‍ എന്ന മനോഹരകഥകള്‍ക്കു ശേഷം പെരിങ്ങോടന്‍ ഒരു മിനിക്കഥയുമായെത്തിയിരിക്കുന്നു - നരിയിറങ്ങുമ്പോള്‍. കഴിഞ്ഞ ഏതാനും കഥകളില്‍ നിന്നു വ്യത്യസ്തമായി ചെറിയ ഒരു ആശയത്തെ മഞ്ഞുതുള്ളിപോലെയുള്ള ഒരു മിനിക്കഥയാക്കുന്ന പഴയ പെരിങ്ങോടനെയാണു്‌ ഇതില്‍ കാണാന്‍ കഴിയുക. ഒരുപക്ഷേ, ഇതു്‌ അദ്ദേഹത്തിന്റെ ഒരു പഴയ കൃതിയാവാം. നരി എന്ന ബിംബത്തിലൂടെ ഒരു പെണ്‍കുട്ടിയുടെ മനോവിഹ്വലതകളെ ഈ കഥ വരച്ചുകാട്ടുന്നു.
 • കവിത തുളുമ്പുന്ന മിനിക്കഥകളും (അവനും അവളും, പ്രണയം-1, പ്രണയം-2) പൊട്ടിച്ചിരിപ്പിക്കുന്ന നര്‍മ്മകഥകളും (Ginger garlic kalaakooli with crushed veg rice, അമ്മാവനും അമ്മായിക്കും പറ്റിയ അമളി), കണ്‍പീലികളെ നനയിക്കുന്ന കുരുന്നുകഥകളു(ദൈവത്തിന്റെ കൈയിലിരിപ്പു്‌)മായി മലയാളബ്ലോഗുവായനക്കാരുടെ പ്രിയങ്കരിയായ കഥാകാരിയായി മാറിയ സൂവിന്റെ ഈയാഴ്ചത്തെ നര്‍മ്മകഥയാണു്‌ വര്‍ഷം 13. തന്റെ 13-ാ‍ം വിവാഹവാര്‍ഷികം ആഘോഷിക്കുന്നതിനെപ്പറ്റി തന്റെ സ്വതസ്സിദ്ധമായ നര്‍മ്മശൈലിയില്‍ കഥാകാരി വിവരിച്ചിരിക്കുന്നു.

  സൂവിന്റെ നര്‍മ്മകഥകള്‍ എനിക്കു 'ബോബനും മോളിയും' കാര്‍ട്ടൂണുകള്‍ പോലെയാണു്‌. കഥയുടെ മൊത്തത്തിലുള്ള കെട്ടുറപ്പല്ല, അതിലുള്ള ചെറിയ ചെറിയ പ്രയോഗങ്ങളാണു്‌ കൂടുതല്‍ ഹൃദ്യം. ഇത്തവണത്തെ "സൂനാമി" എന്ന പ്രയോഗം ("സൂ" എന്ന പേരുള്ളവള്‍ എന്നു വേണമെങ്കിലും ഇതിനു്‌ അര്‍ത്ഥം പറയാമല്ലോ) വളരെ രസകരമായിട്ടുണ്ടു്‌. (ഇതു മുമ്പും പ്രയോഗിച്ചിട്ടുണ്ടു്‌.).

  ഈ വാരഫലം തുടങ്ങുന്നതു സൂവിന്റെ വിവാഹവാര്‍ഷികത്തിനാണെന്നതു നല്ലതുതന്നെ. ആശംസകള്‍!

  സൂ തന്റെ കഥകളൊക്കെ യൂണിക്കോഡിലാക്കിയതില്‍ വളരെ സന്തോഷം. അവ നന്നായി format ചെയ്തു്‌ അല്‍പം കൂടി പാരായണക്ഷമമാക്കിയിരുന്നെങ്കില്‍ എന്നൊരു അഭിപ്രായമുണ്ടു്‌.

 • മലയാളബ്ലോഗരിലെ ഏറ്റവും ശക്തവും (ക്ഷുരകന്‍ കഴിഞ്ഞാല്‍) തീക്ഷ്ണവുമായ സൃഷ്ടികളാണു്‌ ഏവൂരാന്റേതു്‌. കഥകളും നര്‍മ്മഭാവനകളും ലേഖനങ്ങളും സാങ്കേതികവിവരങ്ങളും എല്ലാം മൂപ്പര്‍ എഴുതുമെങ്കിലും കഥകളാണു്‌ ഏറ്റവും ഹൃദ്യം. എല്ലാ നിലവാരത്തിലുള്ള കഥകളും എഴുതുമെങ്കിലും അവയ്ക്കെല്ലാം ചില പ്രത്യേകതകളുണ്ടു്‌ - തീക്ഷ്ണമായ നര്‍മ്മവും ഞെട്ടിപ്പിക്കുന്ന അന്ത്യവും. എം. പി. നാരായണപിള്ള, പുനത്തില്‍ കുഞ്ഞബ്ദുള്ള എന്നീ രണ്ടു കഥാകാരന്മാര്‍ക്കേ ഈ പ്രത്യേകതകള്‍ ഞാന്‍ മലയാളത്തില്‍ കണ്ടിട്ടുള്ളൂ.

  ഏവൂരാന്റെ സ്ഥിരം ശൈലിയിലുള്ള രണ്ടു കഥകളാണു്‌ ഒരു വൈകുന്നേരവും അപ്പുവിന്റെ ശരവിദ്യയും.

  ഒരു മദ്യപന്റെ അന്ത്യരംഗങ്ങളാണു്‌ ഒരു വൈകുന്നേരത്തിലെ പ്രമേയം. അന്ത്യമാണെന്നു നാം അറിയുന്നില്ല - അയാളുടെ തല കരിങ്കല്ലില്‍ (താപവൈദ്യുതക്കാര്‍ക്കു സര്‍വ്വേക്കല്ലുണ്ടോ എന്തോ?) അടിച്ചു ചോര ചിന്തുന്നതുവരെ. ഈ ഷോക്ക്ട്രീറ്റ്‌മന്റ്‌ ഏവൂരാന്‍ നമുക്കു മുമ്പും തന്നിട്ടുണ്ടു്‌ - വര്‍ഗ്ഗീസിന്റെ വിസ തീരുന്നു എന്ന കഥയിലൂടെ. പക്ഷേ ഇതൊന്നും അമ്മമ്മ എന്ന കഥ നല്‍കിയ ഷോക്കിന്റെ മുന്നില്‍ ഒന്നുമല്ല.

  പ്രമേയം പഴയതാണെങ്കിലും അപ്പുവിന്റെ ശരവിദ്യയും നമ്മെ വ്യാകുലരാക്കുന്നു. മറ്റു കഥകളില്‍ നിന്നു വ്യത്യസ്തമായി ഇതിന്റെ അന്ത്യം പ്രതീക്ഷിച്ചതായിരുന്നു - ഏവൂരാനെ അറിയുന്ന വായനക്കാര്‍ക്കെങ്കിലും.

  പി. ജെ. ആന്റണിയുടെ അവസാനത്തെ ചിത്രമായ 'ചൂള'യുടെ പ്രമേയവും ഇതു തന്നെയാണു്‌.

 • ഇതു തന്നെയാണു്‌ വിശ്വപ്രഭയുടെ ഇരുള്‍മുനകള്‍ എന്ന കഥയുടെയും പ്രമേയം. വിശ്വം അതു തന്റെ സ്വന്തം ശൈലിയില്‍ സത്യവും മിഥ്യയുമെല്ലാം കൂട്ടിക്കലര്‍ത്തി, കഥയില്‍ നിന്നു ജീവിതവിമര്‍ശനത്തിലേക്കും തത്ത്വചിന്തയിലേക്കും കടന്നെത്തുന്ന പരിണാമത്തോടുകൂടി, അവതരിപ്പിച്ചിരിക്കുന്നു.

  വിശ്വത്തിന്റെ സൃഷ്ടികളുടെ വായന ഒരു അനുഭവമാണു്‌. അദ്ദേഹത്തിന്റെ സ്വയം പ്രകാശമാണു്‌ ഞാന്‍ ആദ്യം വായിച്ചതു്‌. ഹാവൂ, എന്തൊരു അനുഭവം! തന്റെ പദഭണ്ഡാഗാരത്തില്‍ നിന്നു വാക്കുകളെ സസൂക്ഷ്മം വിന്യസിച്ചു്‌, അതിനു ചേര്‍ന്ന വര്‍ണ്ണങ്ങളും ലിപികളും ചേര്‍ത്തു്‌, ഒരു ചെറിയ കഥയില്‍പ്പോലും തന്റെ ചുമലിലെ മുഴുവന്‍ ഭൂമിയെയും ആവാഹിക്കുന്ന വിശ്വമെന്ന പല്ലി പിന്നെയും ചിലയ്ക്കുകയാണു്‌, നമുക്കു്‌ വിസ്മയവും അന്ധാളിപ്പും കലര്‍ന്ന ഒരു ആഹ്ലാദം നല്‍കിക്കൊണ്ടു്‌.

  (ഇങ്ങനെയൊക്കെയാണെങ്കിലും, വിശ്വത്തിന്റെ ബൂലോകത്തിന്റെ വര്‍ണ്ണപ്പകിട്ടു്‌ അല്‍പം കൂടിപ്പോയില്ലേ എന്നൊരു സംശയം. പശ്ചാത്തലത്തിലുള്ള വര്‍ണ്ണങ്ങളും ചിത്രങ്ങളും മൂലം അഭിപ്രായങ്ങള്‍ പലതും വായിക്കുവാന്‍ പറ്റുന്നില്ല. പേജു ലോഡു ചെയ്യുവാന്‍ high speed internet connection ഉള്ള എനിക്കുപോലും പലപ്പോഴും സമയമെടുക്കുന്നു. Dialup connection-ല്‍ക്കൂടി ഇന്റര്‍നെറ്റു കാണുന്ന ശരാശരി മലയാളിയെക്കൂടി ഒന്നു കണക്കിലെടുക്കണേ!)

  സത്യം പറയട്ടേ, ഒ. വി. വിജയനെപ്പോലുള്ളവരുടെ കഥകള്‍ വായിച്ചു പരിചയമുണ്ടെങ്കിലും വിശ്വത്തിന്റെ മിക്കവാറും കൃതികളും എനിക്കു വളരെ ദുര്‍ഗ്രഹമായിത്തോന്നിയിരുന്നു. നിഴലുകളുടെ ഉത്സവം ഒന്നും രണ്ടും മൂന്നും ഭാഗങ്ങള്‍ ഞാന്‍ വീണ്ടും വീണ്ടും വായിക്കുകയാണു്‌. ഇരുള്‍മുനകളില്‍ പതിവിനു വിപരീതമായി അദ്ദേഹം കഥ സാമാന്യജനത്തിനു മനസ്സിലാകുന്ന ഭാഷയില്‍ പറഞ്ഞിരിക്കുന്നു.

കവിതകള്‍:

 • സിബു കുഞ്ഞിപ്പാട്ടുകളില്‍ രണ്ടു പുതിയ നല്ല പാട്ടുകള്‍ ചേര്‍ത്തിട്ടുണ്ടു്‌ - പന്തളം കേരളവര്‍മ്മയുടെ ദൈവമേ കൈതൊഴാം (ഇതു സുനിലിന്റെ വായനശാലയിലും പ്രസിദ്ധീകരിച്ചിരുന്നു.), ജി. ശങ്കരക്കുറുപ്പിന്റെ കാട്ടുമരത്തിന്‍ കൊമ്പുകള്‍ എന്നിവയാണു്‌ അവ. കവിതകള്‍ ചേര്‍ക്കുമ്പോള്‍ അവയുടെ രചയിതാക്കളെക്കൂടി പരാമര്‍ശിക്കുന്നതു നന്നായിരിക്കും.
 • നല്ല കൃതികളെ (അധികവും കവിതകള്‍) വായനക്കാര്‍ക്കു പരിചയപ്പെടുത്തുന്ന ഒരു ബ്ലോഗാണു സുനിലിന്റെ വായനശാല. കേട്ടുമറന്ന ഒരുപിടി കവിതകളും പാട്ടുകളും ശ്ലോകങ്ങളും ഇതിനകം വായനശാലയില്‍ വായിക്കാന്‍ കഴിഞ്ഞു. ഇതുവരെ വായിച്ചിട്ടില്ലെങ്കില്‍ തീര്‍ച്ചയായി വായിക്കുക - ആദ്യം മുതല്‍.

  വായനശാലയുടെ രൂപകല്‍പനയെപ്പറ്റി എനിക്കു ചില അഭിപ്രായങ്ങളുണ്ടു്‌.

  • ഉദ്ധരണികളും സുനിലിന്റെ സ്വന്തം കൃതികളും വെവ്വേറേ ബ്ലോഗുകളില്‍ കൊടുക്കുക. പ്രശസ്തകൃതികളും, സ്വന്തം കൃതികളും ലേഖനങ്ങളും കൂടിക്കുഴഞ്ഞ ഒരു അവസ്ഥയാണു്‌ ഇന്നുള്ളതു്‌.
  • ഏകതാനമായ font size ഉപയോഗിക്കുക. പല വലിപ്പത്തിലുള്ള fonts ഉപയോഗിക്കുന്നതുകൊണ്ടു വായിക്കാന്‍ അരോചകത്വമുണ്ടാക്കുന്നതല്ലാതെ പ്രത്യേകിച്ചു പ്രയോജനമൊന്നുമില്ല. (ലിപികളെയും വര്‍ണ്ണങ്ങളെയും കൊണ്ടു കളിച്ചു്‌ ഒരു വിസ്മയലോകം സൃഷ്ടിക്കുന്നതു വിശ്വം മാത്രമാണു്‌ മലയാളബ്ലോഗരില്‍.)
  • വരികള്‍ മുറിക്കുന്നതെവിടെ എന്ന കാര്യത്തിലും അല്‍പം കൂടി ശ്രദ്ധിക്കുക.
  • വരമൊഴിയില്‍ ടൈപ്പുചെയ്യുന്നതുകൊണ്ടുണ്ടാവുന്ന സാധാരണ അക്ഷരത്തെറ്റുകള്‍ കടന്നുകൂടുന്നുണ്ടു്‌. അവയെ തിരുത്തുക. ഉദ്ധരണികളാകുമ്പോള്‍ ഇതു കൂടുതല്‍ പ്രധാനമാണു്‌.
  കഴിഞ്ഞാഴ്ചത്തെ വായനശാലയില്‍ പന്തളം കേരളവര്‍മ്മയുടെ രണ്ടു കുട്ടിക്കവിതകളും - പൈങ്കിളിയേ പൈങ്കിളിയേ, ദൈവമേ കൈതൊഴാം - വൈലോപ്പിള്ളിയുടെ മാമ്പഴം എന്ന ഹൃദയഹാരിയായ കവിതയും കാണാം. വളരെ നന്ദി. മാമ്പഴത്തിന്റെ അവസാനത്തില്‍ "ആരാണെഴുതിയതു്‌, എന്താണു പേരു്‌ എന്നു പ്രത്യേകിച്ചു പറയേണ്ട ആവശ്യമില്ലല്ലോ" എന്നു കണ്ടു. ഇതു വായിക്കുന്ന എല്ലാവര്‍ക്കും അതു്‌ അറിയണമെന്നില്ല. അതിനാല്‍ അവ കൊടുക്കുന്നതുതന്നെയല്ലേ ഉചിതം?
 • വായനശാല പോലെ നല്ല ശ്ലോകങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ഒരു ബ്ലോഗാണു്‌ അക്ഷരശ്ലോകസദസ്സ്‌. അക്ഷരശ്ലോകത്തിനു വേണ്ടിയുള്ള ഒരു യാഹൂ ഗ്രൂപ്പില്‍ നടന്നു വരുന്ന ഒരു സദസ്സിന്റെ റിപ്പോര്‍ട്ടു മാത്രമാണു്‌ ഇതെങ്കിലും, വളരെ നല്ല ശ്ലോകങ്ങള്‍ ഇതില്‍ വരാറുണ്ടു്‌. കഴിഞ്ഞാഴ്ച ചൊല്ലിയ 14 ശ്ലോകങ്ങള്‍ ഇവിടെ കാണാം.
 • മൌലികകൃതിയായി അധികം കവിതകള്‍ കാണുന്നില്ല. ഏറ്റവും നല്ല കവിതകള്‍ പ്രസിദ്ധീകരിക്കപ്പെടുന്നതു പോളിന്റെ തര്‍ജ്ജനിയിലാണു്‌. കഴിഞ്ഞാഴ്ച അവിടെ ഒന്നും കണ്ടില്ല. തര്‍ജ്ജനിയുടെയും ജാലകത്തിന്റെയും കഴിഞ്ഞ താളുകള്‍ വായിച്ചുനോക്കൂ.

ലേഖനങ്ങള്‍:

 • സമകാലികസംഭവങ്ങളെപ്പറ്റി വിവിധമാദ്ധ്യമങ്ങളില്‍നിന്നുള്ള ഉദ്ധരണികളുമായി പോള്‍ ജാലകത്തില്‍ റിപ്പോര്‍ട്ടു ചെയ്യാറുണ്ടു്‌. ഈ ലേഖനങ്ങളെല്ലാം വളരെ വിജ്ഞാനപ്രദങ്ങളാണു്‌.

  ഈയാഴ്ചയിലെ വാരാന്തവായനയില്‍ പ്ലാച്ചിമടയിലെ സമരത്തിനു ജീവന്‍ നല്‍കുന്ന മയിലമ്മയെപ്പറ്റിയും കാനായി കുഞ്ഞിരാമന്റെ കലാജീവിതത്തെപ്പറ്റിയും വായിക്കാം. ഗൊദര്‍ദുമായും വി. പി. ശിവകുമാറുമായുമുള്ള സംവാദങ്ങളും നന്നു്‌. കോളേജ്‌ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നു പുറത്തിയറക്കിയ ന്യൂസ്‌പേപ്പര്‍ ബോയ്‌ എന്ന സിനിമയുടെ വിവരങ്ങള്‍ പുതിയ അറിവായിരുന്നു.

 • ബ്ലോഗരില്‍ ഏറ്റവും ശ്രദ്ധ പിടിച്ചുപറ്റിയിട്ടുള്ള ലേഖകനായ ക്ഷുരകന്റെ മൂന്നു ലേഖനങ്ങള്‍ ഈയാഴ്ച പ്രസിദ്ധീകരിച്ചിരുന്നു. ടാഗോറിന്റെ നോബല്‍ സമ്മാനത്തിനു വന്ന ഗതികേടിനെപ്പറ്റിയും (Duplicate, duplicate), മലയാളം പത്രങ്ങള്‍ ബ്ലോഗുകളെ അവഗണിക്കുന്നതിനെപ്പറ്റിയും (മലയാളത്തിന്റെ തലവിധി), മലയാളത്തിനു വേണ്ടി മാത്രമൊരു ബ്ലോഗ്‌ റോളിന്റെ ആവശ്യത്തെപ്പറ്റിയും (മലയാളം ബൂലോഗച്ചുരുള്‍). എല്ലാം നല്ല ലേഖനങ്ങള്‍. ഇക്കുറി എന്തോ ചൂടുള്ള രാഷ്ട്രിയലേഖനങ്ങള്‍ കണ്ടില്ല.
 • പാശ്ചാത്യരുടെ മാതൃദിനത്തില്‍ ഏവൂരാന്‍ എഴുതിയ അമ്മയ്ക്കു്‌ എന്ന ലേഖനം ഹൃദ്യമായിരുന്നു. ശങ്കരാചാര്യരുടെ ആസ്താം താവദിയം... എന്ന ശ്ലോകം ഓര്‍ത്തുപോയി.

  ഏവൂരാന്‍ മറ്റു പല ലേഖനങ്ങളും ഈയാഴ്ച എഴുതി. കരുണാകരവീരചരിതം എന്ന ആക്ഷേപഹാസ്യലേഖനം ഒരുപക്ഷേ ആ പത്രവാര്‍ത്ത വായിച്ച എല്ലാവര്‍ക്കും തോന്നിയതായിരിക്കണം. അതു നര്‍മ്മത്തില്‍ ചാലിച്ചു്‌ (പിള്ളേരെ നോക്കണം...) എഴുതിയിരിക്കുന്നു.

  മദ്ധ്യപ്രദേശത്തെ ശിശുവിവാഹത്തെ എതിര്‍ത്ത സാമൂഹ്യപ്രവര്‍ത്തകയുടെ കൈ വെട്ടിയതിനെപ്പറ്റിയുള്ള ലേഖനം നടുക്കമുളവാക്കി. മലയാളം ബ്ലോഗ്‌ റോളിനെപ്പറ്റിയും ഫയര്‍ഫോക്സിനെപ്പറ്റിയും ഫയര്‍ഫോക്സിലെ ബഗ്ഗിനെപ്പറ്റിയും ഉള്ള ലേഖനങ്ങള്‍ ഉപയോഗപ്രദങ്ങളായിരുന്നു.

 • സുനിലിന്റെ വായനശാലയില്‍ കഥയോ കവിതയോ ലേഖനമോ എന്നു നിശ്ചയമില്ലാത്ത കുറേ കൃതികള്‍ കണ്ടു.

  മനസാ ശിരസാ നമിക്കുന്നു എന്നതു്‌ കഥയില്‍ തുടങ്ങി ലേഖനത്തിലേക്കു പരിണമിച്ചു കഥയില്‍ത്തന്നെ പര്യവസാനിക്കുന്ന ഒരു കൃതിയാണു്‌. ആകെക്കൂടി കൊള്ളാം.

  സിനിമ - അപക്വമായ ചിന്തകള്‍ എന്ന ലേഖനത്തില്‍ കഥകളി, ചിത്രകല തുടങ്ങിയവയെ അപേക്ഷിച്ചു നോക്കുമ്പോള്‍ സിനിമ ഒരു അപക്വമായ കലയാണു്‌ എന്നു പ്രസ്താവിച്ചിരിക്കുന്നു. ഇതിനെപ്പറ്റി ഒരു ചൂടുപിടിച്ച വിവാദം ഞാന്‍ പ്രതീക്ഷിച്ചു. ഒന്നുമുണ്ടായില്ല. എനിക്കു പൂര്‍ണ്ണമായി യോജിക്കാന്‍ പറ്റുന്നില്ല. അതിനെപ്പറ്റി വിശദമായി മറ്റൊരിടത്തെഴുതാം.

  കൂട്ടുകാരിയുടെ ആത്മഹത്യയുടെ ഓര്‍മ്മയ്ക്കു്‌ ഒരു കവിതയാണെന്നു തോന്നുന്നു. എനിക്കു കാര്യമായി ഒന്നും മനസ്സിലായില്ല എന്നതാണു സത്യം.

  ഇനിയുമുണ്ടു്‌ ഏതാനും ലേഖനങ്ങള്‍ കൂടി. കാര്യമായി ഒന്നും പറയാന്‍ ഇല്ല അവയെപ്പറ്റി. എല്ലാം വായനശാലയില്‍ വായിക്കാം.

ഉപസംഹാരം

ഓരോ ബ്ലോഗനെയും ബ്ലോഗിനിയെയും പ്രത്യേകമായി നിരൂപിക്കാം എന്നു കരുതി എഴുതിത്തുടങ്ങിയതാണു്‌. പിന്നീടാണു` ഓരോ സാഹിത്യശാഖയെയുമാക്കിയതു്‌. അതുകൊണ്ടാണു കൂടിക്കുഴഞ്ഞ ഒരു ശൈലി ഇതില്‍ കാണുന്നതു്‌. അടുത്ത വാരം മുതല്‍ അല്‍പം കൂടി കെട്ടുറപ്പുള്ളതാക്കാന്‍ ശ്രമിക്കാം.

പുതിയ ചില ബ്ലോഗുകളും കാണാനിടയായി. അനില്‍, അരുണ്‍, സന്തോഷ്‌, നിഷാദ്‌ എന്നിവരുടെ. അവയെപ്പറ്റിയുള്ള അഭിപ്രായം അടുത്താഴ്ച എഴുതാം.

ബൂലോഗചിത്രഗുപ്തനായ (ഈ പ്രയോഗം വായനശാലക്കാരനായ സുനിലിന്റേതു്‌) മനോജ്‌ ഒരു കഥ എഴുതിത്തുടങ്ങിയതിന്റെ ആദ്യത്തെ രണ്ടു ഭാഗങ്ങള്‍ വായിച്ചു. ഒരു technical geek എന്നു ഞാന്‍ കരുതിയിരുന്ന മനോജില്‍നിന്നു്‌ ഇത്രയും നല്ല ഒരു മലയാളകഥ കിട്ടുന്നതില്‍ വളരെ സന്തോഷം. കഥ പൂര്‍ത്തിയായിട്ടു നിരൂപണമെഴുതാം.

രാത്രിഞ്ചരനെയും കെവിനെയും ഈയാഴ്ച കണ്ടില്ല. രാത്രിഞ്ചരന്റെ കഥയും ലേഖനവും നര്‍മ്മഭാവനയും എല്ലാമായ രസികന്‍ ലേഖനങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു. സംസാരഭാഷയില്‍ രസകരമായി എഴുതുന്ന ഒരേയൊരു ബ്ലോഗനായ (സിജിയെയും കൂട്ടി "ബ്ലോഗനും ബ്ലോഗിയും" എന്നു പറയാം, അല്ലേ?) കെവിനെയും ഈയിടെയായി അധികം കാണാറില്ല.

ഇതിന്റെ രൂപകല്‍പനയെപ്പറ്റിയും പ്രതിപാദനരീതിയെപ്പറ്റിയും ദയവായി കമന്റടിക്കുക. വാരഫലം നന്നാക്കാനുള്ള എല്ലാ അഭിപ്രായങ്ങളെയും സ്വാഗതം ചെയ്യുന്നു.

14 Comments:

 • മുള്‍മുന ഇപ്പോള്‍ കാലടിയില്‍നിന്നും മാറി തലയിലെ മുള്‍ക്കിരീടമായി! ഈ ഉള്‍ക്കാഴ്ച എനിക്കുതന്നതിന്‌ നന്ദി. തീര്‍ച്ചയായും കാര്യങ്ങള്‍ മെച്ചമാകുകതന്നെ ചെയ്യും. വാരഫലത്തില്‍ ഇനിയും കഴമ്പുള്ള കമന്റുകള്‍ പ്രതീക്ഷിക്കുന്നു. അതുപോലെ നാമിടുന്ന കമന്റുകളെക്കുറിച്ചും ഒരു വാക്കു പറയാമെന്നു തോന്നുന്നു. കാരണം, പല കമന്റുകളും അര്‍ഥവത്താണ്‌, തലകുത്തിനിന്നു ചിരിക്കാനെങ്കിലും!
  http://blog4comments.blogspot.com/ nte kaaryamaaN~ paranjath~

  By Blogger -സു‍-|Sunil, at 2:43 AM  

 • വളരെ ചെറിയ ഇമേജുകള്‍ വെച്ചാണ്‌ എന്‍റെ കരിംപെട്ടിക്ക് അലകും പിടിയും വെച്ചിരിക്കുന്നത്. ഇടക്കൊരിക്കല്‍ ഒരു ഫ്ലാഷ് വെച്ചിരുന്നു.
  ഒരു പക്ഷേ വളരെ നീളത്തില്‍ ഒരൊറ്റ പുറമായി സൂക്ഷിക്കുന്നതുകൊണ്ടാവണം സമയദൈര്ഘ്യം വരുന്നത്. കൂടാതെ UTF-8 മലയാളം അച്ചുനിരത്തുക എന്നത് കമ്പ്യൂട്ടറിന്‌ താരതമ്യേന ശ്രമകരമാണ്‌. പ്രത്യേകിച്ചും ഞാന്‍ ഉപയോഗിക്കുന്ന HTML രീതിയില്‍.  ഇപ്പോഴും സ്ഥിരമായ ചട്ടക്കൂടുള്ള ഒരു ബൂലോഗം തുടങ്ങി എന്നു വിശ്വസിക്കുന്നില്ല. സാദ്ധ്യതകളെക്കുറിച്ച് ഓരോരിക്കലും പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്‌.

  എന്തായലും പറഞ്ഞ കാര്യങ്ങളെക്കുറിച്ച് കൂലങ്കഷമായി ആലോചിക്കാം.
  നന്ദി.
  -vp

  By Blogger viswaprabha വിശ്വപ്രഭ, at 3:54 AM  

 • ഇത്രയും സമയമെടുത്ത്, ശ്രമപ്പെട്ട് ഇങ്ങനെ ഒരു സംരംഭത്തിനു മുന്‍കൈയ്യെടുത്ത അങ്ങയുടെ അര്‍പ്പണബോധത്തെ എത്ര പ്രശംസിച്ചാലും മതിയാവുകയില്ല. ഭാഷയോടുള്ള താങ്കളുടെ സ്നേഹത്തിനും ആത്മാര്‍ത്ഥതയ്ക്കും എന്റെ തൊഴുകൈ പ്രണാമം.

  By Blogger പെരിങ്ങോടന്‍, at 4:02 AM  

 • ഉമേഷിനെ നമിച്ചു. അതിലുപരി ഇത്രയും സമയം ഇതിനായി ചിലവഴിയ്ക്കാന്‍ താങ്കളെ അനുവദിക്കുന്ന കുടുംബാംഗങ്ങളെ പ്രത്യേകം നമിക്കുന്നു. അന്വേഷണങ്ങള്‍ അറിയിക്കുക, അവരെയും. വാരഫലം ഇനിയും നന്നാകുമെന്ന്‍ പ്രതീക്ഷിക്കുന്നു. ഓരോ ബ്ലോഗുകള്‍ പ്രത്യേകം പരാമറ്ശിക്കുന്നതിനു പകരം ഇപ്പോഴത്തെ രീതി തുടരുന്നതാണ്‌ നല്ലതെന്നാണ്‌ എന്റെ അഭിപ്രായം.

  By Blogger സുരേഷ്, at 5:39 AM  

 • എല്ലാരേയും ഒരു സ്ഥലത്തു ഒന്നിച്ചു കാണാന്‍ ഇടയാക്കിയതില്‍ വളരെ നന്ദിയുണ്ട്. അടുത്ത വാരഫലത്തിനായി കാത്തിരിക്കുന്നു.

  സു.

  By Blogger സു | Su, at 6:21 AM  

 • ഇപ്പൊ ഒന്നു ആശ്വാസമായി ഇരുന്ന്‌ വായിക്കുകയാണ്‌ വാരഫലം.

  എന്റെ ബ്ലൊഗീശ്വരാ! ഈ ഫോണ്ടുകൊണ്ടുള്ള കളികളൊന്നും എന്റേതല്ലേ, എല്ലാം ബ്ലോഗീശ്വരന്റെ മായ തന്നെ ആണ്‌. കാരണം, ഇക്കളികളില്‍ എനിക്കു വേണ്ടത്ര വിദ്യാഭ്യാസം കിട്ടിയിട്ടില്ല്യ. ഉള്ളതുകൊണ്ട്‌ ഉരുട്ടിക്കളിക്കുകയാണ്‌.

  കഥ, കവിത, ലേഖനം എന്നിങ്ങനെയുള്ള തിരിച്ചുവെക്കല്‍ നല്ലതായിരിക്കുന്നു. പക്ഷെ ജീവിതത്തിന്റെ പകുതിഭാഗം (എന്റെ വിചാരം) കഴിഞ്ഞ്‌ എഴുത്തുതുടങ്ങിയ ഞാന്‍, കഥയാണോ കവിതയാണോ എന്താണ്‌ എഴുതുന്നത്‌ എന്ന്‌ സഹബ്ലോഗരേ, എനിക്കുതന്നെ അറിയില്ല്യ. അതിനല്‍ ഒരു "പലവക" അല്ലെങ്കില്‍ "അവിയല്‍" എന്ന ഒരു തരം കൂടി ചേര്‍ക്കണം എന്നൊരഭിപ്രായമുണ്ട്‌. എനിക്കിരിക്കാനൊരിടം!

  ഇതിനൊക്കെ ഉള്ള മനസ്സുമായി നടക്കുന്ന ഉമേഷിനും, പിന്നെ ഇതിനെല്ലം സമയംകണ്ടെത്താന്‍ സഹായിക്കുന്ന ഉമേഷിന്റെ അകത്തുള്ളാള്‍ക്കും കിടാങ്ങള്‍ക്കും എന്റെ അകൈതവമയ നന്ദി അറിയിക്കട്ടെ.

  By Blogger -സു‍-|Sunil, at 7:15 AM  

 • അടിപൊളി..നന്നായിരിക്കുന്നു.

  By Blogger സന്തോഷ്, at 5:48 PM  

 • ഉമേഷ്‌,
  തുടക്കം ഗംഭീരം. ഉള്ള സമയം ഇങ്ങനെയൊക്കെ ഉപയോഗിയ്ക്കുന്നവരെ കണ്ടു കിട്ടാന്‍ തന്നെ ഇക്കാലത്ത്‌ ബുദ്ധിമുട്ടാണ്‌... വാരഫലവും മലയാളം ബ്ലോഗുകളും കൂടുതല്‍ നന്നാവുമെന്ന പ്രതീക്ഷയോടെ....

  By Blogger Paul, at 6:30 PM  

 • This is perfect! (Excuse me for posting in English.) Thanks Umesh!

  The Malayalam blogs were already cool, but the vaaraphalam elevates them to the next level! Will be looking forward to the weekly editions.

  By Blogger mp, at 2:53 AM  

 • ഉമേഷിന്റെ ഇല്ലാത്ത അസുഖങ്ങുളുടെ ലിസ്റ്റ്‌ ശരിക്കും രസിപ്പിച്ചു :)

  ബ്ലൊഗന്മാരില്‍ പലരും ഈ അസുഖം ഇല്ലാത്തവര്‍ ആണെന്നാണു തോന്നുന്നത്‌.
  -rathri

  By Blogger rathri, at 1:56 AM  

 • ഉമേഷിന്റെ ഇല്ലാത്ത അസുഖങ്ങുളുടെ ലിസ്റ്റ്‌ ശരിക്കും രസിപ്പിച്ചു :)

  ബ്ലൊഗന്മാരില്‍ പലരും ഈ അസുഖം ഇല്ലാത്തവര്‍ ആണെന്നാണു തോന്നുന്നത്‌.
  -rathri

  By Blogger rathri, at 1:57 AM  

 • പേജിന്റെ സ്പീഡ് കൂട്ടാന്‍:
  1. പേജിനെ പലകഷണങ്ങളാക്കുക (monthly/weekly)
  2. അക്ഷരത്തിന്റെ വലിപ്പം കുറയ്ക്കുക.

  By Blogger സണ്ണി | Sunny, at 9:53 AM  

 • Minikkadha enna prayogam pinvalikkanam ennu apeksikkunnu
  ÎßÈßAÅ ®K dÉçÏÞ·¢ ÉßX ÕÜßAâ ®Ká ¥çÉfßAáKá

  By Blogger Chackochen, at 4:58 PM  

 • ഇത്ര നന്നായിട്ടു മലയളം ബ്ലൊഗിങ് നടക്കുന്നുണ്ടെന്ന കാര്യം അറിഞ്ഞിരുന്നില്ല ..
  എല്ലാവറ്‍ക്കും അഭിവാദ്യന്ദ്യള്‍

  രാജേഷ്

  By Blogger raa, at 10:43 AM  

Post a Comment

Links to this post:

Create a Link

<< Home